ചെറുപുഴ: ജോസ്ഗിരി തിരുനെറ്റിയിൽ കുട്ടിയാന കിണറ്റിൽ വീണ് ചരിഞ്ഞു. തിരുനെറ്റിയിലെ പള്ളിക്കുന്നേൽ മഹേഷിന്റെ കിണറ്റിലാണു കാട്ടാനക്കുട്ടി വീണത്. ജഡം അഴുകിയ നിലയിലാണ്. വീട്ടിൽ നിന്ന് ദൂരെയുള്ള കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാനക്കുട്ടി വീണത്. കിണറ്റിൽ നിന്നും പൈപ്പ് വഴി വീട്ടിലേക്ക് വെള്ളം എടുക്കുന്നുണ്ടായിരുന്നു. വെള്ളം വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കാട്ടാനക്കുട്ടിയെ കണ്ടത്.
20 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാനക്കുട്ടി വീണത്. ദിവസങ്ങൾക്ക് മുന്പ് ഇതേ സ്ഥലത്ത് ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. നാലുദിവസം മുന്പ് ഈ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടമെത്തിയിരുന്നതായി മഹേഷ് പറഞ്ഞു. പിറ്റേദിവസം പോയി നോക്കിയിരുന്നെങ്കിലും കാട്ടാനക്കുട്ടി കിണറ്റിൽ വീണതറിഞ്ഞിരുന്നില്ല.
കുടിവെള്ളം മുടങ്ങിയെന്നും എത്രയും വേഗം കാട്ടാനക്കുട്ടിയെ കിണറ്റിൽ നിന്നും നീക്കം ചെയ്ത് കിണർ വൃത്തിയാക്കി നൽകണമെന്നും മഹേഷ് ആവശ്യപ്പെട്ടു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ട് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും മഹേഷ് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ഷൈമ ജെനു തച്ചുക്കുന്നേൽ, വിജി കെ. ജോൺ എന്നിവർ സ്ഥലം സന്ദർശിച്ചു.